Loading...
Loading...
Loading...
ആപ്തവാക്യം : " പ്രവാസജീവിതം പ്രേഷിത ജീവിതം "

pravasiapostolatechry@gmail.com

+91 9207470117

History

Home History
History Pravasi Apostolate

On August 15, 2015, Mar Joseph Perumthottam, Metropolitan Archbishop of the Changanassery Archdiocese, officially inaugurated the "Pravasi Apostolate" mission for pastoral care.

History

ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിൻ്റെചരിത്രവഴികളിലൂടെ

 നെശ്‌തംബഹ് ഈശോ മിശിഹാ,

 കേരളത്തിന്റെ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വലിയ അതിരൂപതയാണ് ചങ്ങനാശേരി അതിരൂപത. ഈ അതിരൂപതയിൽ 500 ൽ അധികം വരുന്ന വൈദികരും. 17 മ്ശംശാനമാരും, 200 ഓളം വരുന്ന വൈദിക വിദ്യാർത്ഥികളും 3000 ഓളം വരുന്ന സന്ന്യാസിനികളും 900 ഓളം വരുന്ന സന്ന്യാസിമാരും ഇരുനൂറിൽ പരം ഇടവകകളിൽ നിന്ന് നാലരലക്ഷത്തോളം വരുന്ന ദൈവജനവും; ഇതിൽ ഒരു ലക്ഷത്തോളം വരുന്ന പ്രവാസികളുമുണ്ട്.

"അതിരൂപതയിൽ നാം ഒരു കുടുംബം" എന്നത് അതിരൂപതയിലെ എല്ലാവർക്കും സാധ്യമാക്കണമെന്നതാണ് നമ്മുടെ അതിരൂപതയുടെ മേലദ്ധ്യക്ഷനായ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ ഏറ്റവും വലിയ സ്വ‌പ്നം. "നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കല്പ‌ന പാലിക്കും"(യോഹ 14:15) എന്ന ഈശോയുടെ വാക്കുകൾ നാം ഓരോരുത്തരുടെയും ജീവിതത്തിൽ സാധ്യമാക്കണം. ലോകത്തെവിടെയായാലും നമ്മുടെ സ്വന്തം ഇടവകയോടും അതിരൂപതയോടുമുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ അതിരൂപതയിലെ എല്ലാ ദൈവജനത്തിനും സാധിക്കണം എന്ന ആഗ്രഹത്തോടും പ്രവാസികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടും 2015 ആഗസ്റ്റ് 15 ന് അസംപ്ഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം പിതാവ് ഔദ്യോഗികമായി അതിരൂപതാ പ്രവാസിപ്രേഷിതത്വം എന്ന അജപാലനപദ്ധതിയ്ക്ക് ആരംഭംകുറിച്ചു. ആദ്യത്തെ ഡയറക്ടറായി സണ്ണി പുത്തൻപുരയ്ക്കൽ അച്ചനെ നിയമിച്ചു.

2018 ൽ ബഹു. റ്റെജി പുതുവീട്ടിൽ കളം അച്ചൻ പ്രവാസി അപ്പോസ്തലേറ്റിന്റെ ഡയറക്ടറായും 2021 ൽ ബഹു. ജിജോ മാറാട്ടുകളം അച്ചൻ അസി. ഡയറക്ടറായും നിയമിതനായി. അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് രക്ഷാധികാരിയായും സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിലും പെരിയ ബഹു. വികാരി ജനറാൾ ജോസഫ് വാണിയപുരയ്ക്കൽ അച്ചൻ സഹരക്ഷാധികാരിയായും ഡയറക്ടർ അച്ചന്മാരും ചേർന്ന് ഇതിനു നേതൃത്വം നൽകുന്നു. പ്രവാസി അപ്പോസ്‌തലേറ്റിൻ്റെ സെൻട്രൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കോർഡിനേറ്ററും എക്സിക്യൂട്ടീവ് അംഗങ്ങളും ഇന്ത്യക്കകത്തുള്ള എല്ലാ സംസ്‌ഥാനങ്ങളിലേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കോർഡിനേറ്ററും എക്‌സിക്യൂട്ടീവ് അംഗങ്ങളും യുഎഇ, ബെഹറിൻ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലും ഇസ്രായേൽ, യുഎസ്എ, ഓസ്ട്രേലിയ, ന്യൂസിലാൻ്റ്, കാനഡ, മാൾട്ട, യുകെ എന്നീ രാജ്യങ്ങളിലും നേതൃത്വം കൊടുക്കുന്ന കോർഡിനേറ്റേഴ്സും എക്സിക്യൂട്ടീവ് അംഗങ്ങളും. ലോകമെമ്പാടുമുള്ള മറ്റെല്ലാ രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾ കോർത്തിണക്കുന്ന ഗ്ലോബൽ കോർഡിനേറ്ററും പ്രവാസി അപ്പോസ്‌തലേറ്റിന്റെ ആത്മീയവും ഭൗതികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും നേത്യത്വം കൊടുക്കുന്ന ഡയറക്ടർ അച്ചന്മാരെ സഹായിക്കുവാൻ അതിരൂപതാകേന്ദ്രത്തിൽ ഓഫീസിൽ സെക്രട്ടറി, നോർക്കാ റൂട്ട്സ് കോർഡിനേറ്റർ, മീഡിയ കോർഡിനേറ്റർ എന്നീ തലങ്ങളിൽ പ്രവർത്തിക്കുന്നവരും ചേർന്ന് പ്രവാസി അപ്പോസ്‌തലേറ്റിൻ്റെ ശുശ്രൂഷകൾ ചെയ്തുവരുന്നു.

ആരൊക്കെയാണ് പ്രവാസി അപ്പോസ്‌തലേറ്റിന്റെ അംഗങ്ങൾ? 

ചങ്ങനാശേരി അതിരൂപതയിലെ ഏതെങ്കിലും ഇടവകയിൽപ്പെട്ടവരിൽ, ജോലിക്കോ വ്യാപാരത്തിനോ പഠനത്തിനോവേണ്ടി കേരളത്തിനുപുറത്ത് താമസിക്കുന്നവരും ഇന്ത്യയ്ക്കുവെളിയിൽ പ്രവാസജീവിതം നയിക്കുന്നവരും കുറഞ്ഞത് 2 വർഷമെങ്കിലും പ്രവാസജീവിതം നയിച്ച് മടങ്ങിവന്നവരുമാണ് പ്രവാസി അപ്പോസ്‌തലേറ്റിന്റെ അംഗങ്ങൾ.

ലോകമെമ്പാടുമുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രവാസികളെ കണ്ടെത്തുന്നതിനും തിരിച്ചുവന്ന പ്രവാസികളെ ഒന്നിച്ചുകൂട്ടുന്നതിനുമായി പ്രവാസി അപ്പോസ്‌തലേറ്റിന്റെ പ്രവർത്തന ങ്ങൾ എല്ലാ ഫൊറോനകളിലും ഇടവകകളിലും ആരംഭിച്ചു. ഈ ശുശ്രൂഷ സംവിധാനത്തിൻ്റെ വളർച്ചയുടെ ഭാഗമായി നിയമാവലി, ആന്തം, പതാക, ബാഡ്‌ജ്‌ എന്നിവ 2023 വാർഷികത്തിൽ പ്രകാശനം ചെയ്യ്തു. 

പ്രവാസി അപ്പോസ്‌തലേറ്റിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾ

പ്രവാസി അപ്പോസ്‌തലേറ്റിന്റെ ഉപസ്ഥാപനമായി "പ്രവാസി ലൈഫ് കെയർ ആൻഡ് സെൻ്റർ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെൻ്റ് സൊസൈറ്റി' (PLACID) എന്ന ചാരിറ്റി പ്രസ്ഥാനം ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം പിതാവ് ഉദ്ഘാടനം ചെയ്യുകയും 2020 ആഗസ്റ്റ്12 ന് ഗവണ്മെന്റ്റിൽ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചസമയത്ത് അവിടെ കുടുങ്ങിക്കിടന്നിരുന്ന മലയാളി വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുവേണ്ടി യുക്രൈൻ മിഷൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും യുക്രൈൻ എന്ന രാജ്യത്തും അതിൻ്റെ ഓരോ ബോർഡറുകളിലും ഇന്ത്യൻ എംബസിയുമായിച്ചേർന്നും നാം ചെയ്‌ത സേവനങ്ങൾ എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി.

പ്രവാസത്തിലായിരിക്കുമ്പോൾ രോഗികളാകുന്നവർക്കും ജോലിനഷ്ടപ്പെട്ടവർക്കും കൈത്താങ്ങായും ജയിലുകളിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനും മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ പ്രിയപ്പെട്ടവർക്ക് സഹായവും ആശ്വാസവുമായും, ഭവന നിർമ്മാണം, ഭക്ഷ്യവസ്‌തുക്കളുടെ വിതരണം, മരുന്നുകൾ, കാൻസർ രോഗികൾക്കുസഹായം, കൃത്രിമ അവയവം നൽകൽ, വിദ്യാഭ്യാസസഹായം തുടങ്ങിയ മറ്റിതര സാമ്പത്തികസഹായങ്ങൾ എന്നിവ ചേർത്ത് 83,87,142 രൂപയുടെ സാമ്പത്തികസഹായങ്ങൾ ചെയ്തു. ഇങ്ങനെ പ്രവാസി അപ്പോസ്‌തലേറ്റ് സാധിക്കുന്ന വിധത്തിലെല്ലാം പ്രവാസികൾക്കൊപ്പം സജീവസാന്നിദ്ധ്യമാകുന്നു.

നോർക്കാ റൂട്ട്സ്, പ്രവാസി ക്ഷേമനിധി, നോർക്കാ ഐഡി കാർഡ്, പ്രവാസി രക്ഷാ ഇൻഷ്വറൻസ്, പോളിസി, എച്ച്.ആർ.ഡി. & എംബസി അറ്റസ്റ്റേഷൻ, നോർക്കാ രജിസ്ട്രേഷൻ, റിക്രൂട്ട്‌മെൻ്റ് എന്നീ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ പ്രവാസി അപ്പോസ്‌തലേറ്റിൻ്റെ ഓഫീസുസംവിധാനത്തിൽ നടന്നുവരുന്നു.

സ്‌റ്റഡി സെല്ലിന്റെ പ്രവർത്തനങ്ങൾ

 പ്രവാസി അപ്പോസ്‌തലേറ്റ് സ്റ്റഡി സെല്ലിന്റെ നേതൃത്വത്തിൽ ആനുകാലിക വിഷയങ്ങളും മാർപാപ്പയുടെ പ്രബോധനങ്ങളും ചർച്ചയ്ക്കും പഠനത്തിനും വിധേയമാക്കി കുട്ടനാടിൻ്റെ നിലനിൽക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു മന്ത്രിമാരെയും വിദഗ്‌ധരെയും പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ വെബിനാറും ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ ക്ഷേമപദ്ധതികൾക്കുവേണ്ടി പ്രവാസികൾ തയ്യാറാക്കിയ ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടും ഒരു സിനഡാത്മകസഭയ്ക്കുവേണ്ടി പ്രവാസികളൊന്നിച്ചു പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടും അതിരൂപതാ മഹായോഗം, ഫ്രെത്തെല്ലി തൂത്തി, സാത്താനാരാധനയ്ക്ക് തുല്യമായ മാലാഖപൂജ തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ വെബിനാറും അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റ് സ്‌റ്റഡി സെല്ലിൻ്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തന ങ്ങളാണ്.

ജി. സി. സി. ഗ്ലോബൽ പ്രവർത്തനങ്ങൾ 

ഇന്ത്യ, ഗൾഫ്, ഫാർഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ഓഷ്യാനിയ, ആഫ്രിക്ക, തുടങ്ങിയ എല്ലാ രാജ്യങ്ങളിലും വാട്‌സാപ്പ് ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു. ഗൾഫുരാജ്യങ്ങളിൽവച്ചു നടത്തിയ വാർഷിക കുടുംബ സംഗമങ്ങളും കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും ഓരോ രാജ്യങ്ങളുടെയും പ്രവാസികളുടെ എക്സിക്യൂട്ടീവ് മീറ്റിംഗും പുതിയ കുടുംബങ്ങളെ പരിചയപ്പെടുന്ന ഫാമിലി മീറ്റിംഗും നടത്തുകയും ചെയ്യുന്നു. വിഴിഞ്ഞം തുറമുഖസമരത്തിൽ തീരദേശവാസികളുടെ പുനരധിവാസത്തിനുവേണ്ടിയുള്ള കാലതാമസം ഒഴിവാക്കി അർഹതപ്പെട്ട ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകണമെന്ന് ജി. സി. സി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കുകളിലുള്ള അസാധാരണമായ വർദ്ധനവ് സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിൽ വരുവാൻ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനാൽ അതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചർച്ച ചെയ്‌ത്‌ പ്രമേയം പാസാക്കി റിപ്പോർട്ട് അധികാരികൾക്ക് സമർപ്പിച്ചു. 

പ്രവാസജീവിതം നയിക്കുന്ന എല്ലാവർക്കുംവേണ്ടി വാർഷികധ്യാനങ്ങൾ, വി. കുർബാനയെക്കുറിച്ചുള്ള ക്ലാസുകൾ, യുവജനങ്ങൾക്കുവേണ്ടി കരിയർ ഗൈഡൻസ്, ബിസിനസ്സ് ചെയ്യുന്നവർക്ക് പരസ്‌പരം സഹായകമാകുന്ന ബി 2 ബി നെറ്റ് വർക്ക്, ലിറ്റിൽസ്‌റ്റാർ ഓപ്പറേഷൻ എന്ന പേരിൽ സിവിൽ സർവീസ് കോച്ചിംഗ്, മീഡിയ സെൽ, ആതുരശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്ന ചങ്ങനാശേരി അതിരൂപതയിലെ നഴ്‌സുമാർക്കുവേണ്ടിയുള്ള നഴ്സ‌സ് അഫെയേഴ്‌സ് (Nurses Affairs), യുവജനങ്ങൾക്കുവേണ്ടിയുള്ള യൂത്ത് അഫെയേഴ്‌സ് (Youth Affairs), എന്നിങ്ങനെ പ്രവാസി അപ്പോസ്‌തലേറ്റിന്റെ പ്രവർത്തന ങ്ങൾ എല്ലാ രാജ്യങ്ങളിലും ശക്തമായി നടത്തപ്പെടുന്നു.  

ദേശീയപ്രവാസിദിനമായ ജനുവരി 9 ന് ക്രിസ്മസ്, ന്യൂ ഇയർ, പ്രവാസി ഭാരതീയ ദിവസ് എന്നീ ആഘോഷങ്ങൾ സംയുക്തമായി 'ഫെസ്റ്റീവ് ഫിയസ്റ്റ' എന്ന പേരിൽ ആഘോഷിച്ചു.നോമ്പാരംഭംമുതൽ 'സൗമാറംമ്പാ' എന്ന പേരിൽ വചനസന്ദേശം വാട്‌സാപ്പിലൂടെ പങ്കുവച്ചു. 

നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് കൃഷിമേഖലയോട് അഭിമുഖ്യം തോന്നുവാൻവേണ്ടി ആരംഭിച്ച ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും തിരിച്ചുവന്ന പ്രവാസികളുടെ തന്നെ സംരംഭമായ 'ആവേമരിയ ഹോളിഡെയ്സ് & വെഞ്ചേഴ്‌സി'ന്റെ നേതൃത്വത്തിൽ വിശുദ്ധനാട് തീർത്ഥാടനവും യൂറോപ്യൻ ടൂറും നടത്തിവരുന്നു. അഭി. മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെയും മാർ തോമസ് തറയിൽ പിതാവിന്റെയും നേതൃത്വത്തിൽ മാർ തോമാശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വത്തോടനുബന്ധിച്ചു നടത്തിയ മൈലാപ്പൂർ തീർത്ഥാടനവും വി. ദൈവസഹായംപിള്ള രക്തസാക്ഷിത്വം വരിച്ച സ്ഥലത്തേക്കുള്ള തീർത്ഥാടനവും ഈ വർഷത്തിൽ വലിയ ആത്മീയ ഉണർവ്വ് നൽകിയ നിമിഷങ്ങളായിരുന്നു.

 പ്രവാസി അപ്പോസ്‌തലേറ്റ് സെൻ്റ് ജോസഫ് ഓൺലൈൻ സൺഡേ സ്‌കൂൾ 

സീറോമലബാർ സഭയുടെ ചരിത്രത്തിലാദ്യമായി പ്രവാസികളുടെ മക്കൾക്കായി എഫ്. സി. സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വിശ്വാസപരിശീലന ക്ലാസ്സും ദൈവവിളി വെബിനാറും ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണത്തിന് ഒരുക്കമായ ക്ലാസ്സുകളും ഓരോ വർഷവും നടത്തിവരുന്നു. എഫ്. സി. സി. യിലെ 15 സിസ്‌റ്റേഴ്സു‌ം പ്രവാസികളായ 14 സഹ അധ്യാപകരും ചേർന്ന് ഓൺലൈൻ സൺഡേ ക്ലാസുകളിൽ 500-ൽ പരം കുട്ടികളെ പഠിപ്പിക്കുന്നു.

കെയർ ഓഫ് സിക്ക് & ഡെത്ത്

പ്രവാസികളോ. അവരുടെ മാതാപിതാക്കന്മാരോ, അടുത്ത ബന്ധുക്കളോ രോഗികളായാൽ അവരെ സന്ദർശിക്കുകയും മരണപ്പെട്ടാൽ പ്രവാസി അപ്പോസ്‌തലേറ്റിന്റെ ഓഫീസ് സംവിധാനം നേരിട്ട് മൃതസംസ്‌കാരശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്യുന്നു. പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഓരോ പ്രവാസിയുടെയും ഏറ്റവും വലിയ ആകുലതയായ, നാട്ടിൽ ഒറ്റപ്പെട്ടുകഴിയുന്ന അവരുടെ മാതാപിതാക്കന്മാർക്കുമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുമായി ചേർന്ന് പ്രവാസി അപ്പോസ്‌തലേറ്റ് 'കരുതൽ' എന്ന ആരോഗ്യപദ്ധതി നടപ്പിലാക്കുന്നു .

ചങ്ങനാശേരി അതിരൂപതയുടെ അതിരുകളും കടന്ന് കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് അതിരൂപതാംഗങ്ങളുള്ള എല്ലാ രാജ്യങ്ങളിലും ഇന്ന് പ്രവാസി അപ്പോസ്‌തലേറ്റിന് എക്‌സിക്യൂട്ടീവ് കമ്മിറ്റികളും കോർഡിനേറ്റേഴ്സുമുണ്ട്. ഈ ശുശ്രൂഷാസംവിധാനത്തിനു ഗ്ലോബൽ സമിതികളും, ഗൾഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളെയെല്ലാം ചേർത്തുകൊണ്ടുള്ള ഇന്ത്യൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും, അതിരൂപതാ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്.

ലോകത്തിന്റെ അതിർത്തികൾവരെ പ്രവാസി അപ്പോസ്‌തലേറ്റിൻ്റെ പ്രവർത്തനങ്ങൾ എത്തി എന്നതിൽ ഓരോ പ്രവാസിക്കും ഓരോ അതിരൂപതാംഗത്തിനും അഭിമാനവും സന്തോഷവുമുണ്ട്.

കുടിയേറ്റക്കാരുടെ സ്വർഗീയ മധ്യസ്‌ഥയായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ കാബ്രിനിയുടെ വലിയ മാധ്യസ്‌ഥ്യം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.

ഈശോ മിശിഹായ്ക്ക് സ്‌തുതിയായിരിക്കട്ടെ.

Get In Touch

Changanacherry

pravasiapostolatechry@gmail.com

+91 9207470117

Follow Us

All Rights Reserved. © 2024

Developed by FaithInfosoft