pravasiapostolatechry@gmail.com
+91 9207470117
ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റ് ശൈശവദശയിൽനിന്ന് വളർച്ചയുടെ പാതയിലൂടെ വളരെ വേഗത്തിൽ സഞ്ചരിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷമുണ്ട്. 2015 ൽ ഇപ്രകാരം ഒരു ശുശ്രൂഷാസംവിധാനം ആരംഭിക്കുമ്പോൾ നിലവിലുള്ള പ്രവാസികൾക്കും മടങ്ങിവന്നവർക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു ശുശ്രൂഷയായി ഇത് മാറണം എന്നതായിരുന്നു ആഗ്രഹം. അരദശകം കഴിഞ്ഞപ്പോൾതന്നെ സ്‌ഥാപിച്ചപ്പോഴുണ്ടായിരുന്ന കാഴ്ചപ്പാടിലേക്ക് ഇതിനെ നയിക്കാൻ ഇതിൻറെ ഉത്തരവാദിത്വം ഏൽപ്പിച്ചവർക്ക് സാധിച്ചു എന്നുള്ളത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു.
ഇന്ന് ലോകം മുഴുവനും ചിതറിക്കിടക്കുന്ന, പ്രവാസജീവിതത്തിലായിരിക്കുന്ന അതിരൂപതയിലെ ദൈവജനത്തെ സഭയോടും മാതൃ അതിരൂപതയോടും മാതൃ ഇടവകയോടും ചേർത്തു നിർത്താൻ ഈ ശുശ്രൂഷാസംവിധാനത്തിന് സാധിക്കുന്നുണ്ട്. ഇതും ഒരു പ്രേഷിതപ്രവർത്തനം തന്നെയാണ്.
സ്വന്തം നാടും വീടും വിട്ട് ലോകമെമ്പാടും പ്രവാസത്തിൽ ജീവിക്കുമ്പോൾ അവിടെയൊക്കെ നമ്മുടെ വിശ്വാസവും പാരമ്പര്യവും സഭാസ്നേഹവും ഉയർത്തിപ്പിടിക്കാൻ പ്രവാസിമക്കളെ പ്രചോദിപ്പിക്കുന്ന പ്രവാസി അപ്പോസ്‌തലേറ്റ്, ഇനിയും അതിൻറെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ലോകത്തിൻറെ അതിർത്തികൾവരെയും ഇതിൻറെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് മുൻപോട്ട് പോകേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണ്.
ഏതൊരു സംവിധാനത്തിന്റെയും മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയതമായ ഘടനയും മാർഗ്ഗനിർദ്ദേശങ്ങളും അനിവാര്യമാണ്. ഈ ഒരു കാഴ്ചപ്പാട് മുൻനിർത്തിയാണ് നമ്മുടെ അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റ് ആദ്യമായി അതിൻറെ ഭരണഘടനയ്ക്ക് രൂപം കൊടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. ഇതിലൂടെ ഇടവകതലം മുതൽ ആഗോളതലംവരെയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തതയും ദിശാബോധവും നൽകാൻ പ്രവാസി അപ്പോസ്‌തലേറ്റിന് സാധിക്കും എന്ന് ഞാൻ കരുതുന്നു.
ഈ ഒരു ശുശ്രൂഷാസംവിധാനത്തെ അതിൻറെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കി മുൻപോട്ട് നയിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് ഈ ബൈലോ (നിയമാവലി) പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി കഷ്ടപ്പെട്ട ഇതിൻറെ അണിയറ പ്രവർത്തകരെയും എല്ലാ പ്രവാസിമക്കൾക്കുവേണ്ടി ഞാൻ അഭിനന്ദിക്കുന്നു.
ഈ ബൈലോ (നിയമാവലി) അനുസരിച്ച് അതിരൂപതയിലെ എല്ലാ ഇടവകകളിലും ഫൊറോനകളിലുമുള്ള തിരിച്ചുവന്ന പ്രവാസികളെയും ഇപ്പോൾ പ്രവാസത്തിൽ ആയിരിക്കുന്നവരെയും ഒന്നിപ്പിച്ച് കൂടുതൽ ശക്തമായ പ്രവർത്തനങ്ങളോടെ മുൻപോട്ട് പോകാൻ പ്രവാസി അപ്പോസ്‌തലേറ്റിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
Changanacherry
pravasiapostolatechry@gmail.com
+91 9207470117
All Rights Reserved. © 2024
Developed by FaithInfosoft