pravasiapostolatechry@gmail.com
+91 9207470117
സഭ നമ്മുടെ അമ്മയാണ്. അമ്മയോടുള്ള പൊക്കിൾക്കൊടി ബന്ധം കാത്ത് സൂക്ഷിക്കാൻ സഭയിലെ സംഘടനകൾക്കും സംവിധാനങ്ങൾക്കും സാധിക്കുന്നില്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് വിലയിരുത്തേണ്ടിവരും. ചെറുപ്പം മുതലേ സഭയെക്കുറിച്ച് വ്യക്തമായ ബോധ്യവും കാഴ്ചപ്പാടും നൽകി വിശ്വാസികളെ അവർ പ്രവാസികളായാലും സ്വദേശികളായാലും നിലനിർത്തുക എന്നതും സഭയുടെ ഒരു പ്രേക്ഷിത ദൗത്യം തന്നെയാണ്. ഇങ്ങനെ വിശ്വാസികൾ ലോകത്തിന്റെ ഏത് ഭാഗത്തായാലും അവരുടെ കാര്യങ്ങളിൽ സഭ ശ്രദ്ധാലുവാണ് എന്ന അറിവ് അവരെ കൂടുതൽ സഭയോട് ചേർന്ന് നിൽക്കാനും, ശത്രുക്കൾ അവഹേളിക്കാൻ ശ്രമിക്കുമ്പോൾ കരുത്തോടെ സഭയുടെ സംരക്ഷണത്തിനായി മുൻപോട്ട് വരാനും അവരെ സഹായിക്കും.
സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം പ്രവാസികൾ അഭിമാനവും ഒപ്പം ശക്തിയുമാണ്. ലോകത്തിൻറെ ഏത് കോണിലായാലും അമ്മയായ സഭയെ സ്നേഹിക്കാനും സഭയുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനും അവരെ സഹായിക്കുന്ന ഒരു ശുശ്രൂഷാ സംവിധാനമാണ് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റ്. ജീവിക്കുന്ന സ്‌ഥലങ്ങളിലെ സഭാ സംവിധാനങ്ങളോട് ചേർന്ന് സജീവമായി പ്രവർത്തിക്കുമ്പോഴും പിറന്ന മണ്ണിനോടും, വളർന്ന കുടുംബത്തോടും, വിശ്വാസത്തിൻറെ തിരിനാളം കൊളുത്തിയ മാതൃഇടവകയോടും അതിരൂപതയോടുമൊക്കെയുള്ള അകൈമമായ ബന്ധം ദൃഢമായി കാത്തുസൂക്ഷിക്കാൻ പ്രവാസി അപ്പോസ്‌തലേറ്റ് എന്ന ശുശ്രൂഷാസംവിധാനം ശ്രദ്ധ ചെലുത്തുന്നുണ്ട്.
ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച നമ്മുടെ പ്രവാസി അപ്പോസ്‌തലേറ്റ് വളരെ കുറഞ്ഞ കാലം കൊണ്ട് തനതായ ഒരു സ്‌ഥാനം സമുദായത്തിലും സമൂഹത്തിലും സഭയിലും നേടിയിട്ടുണ്ട് എന്നത് അഭിമാനാർഹമാണ് . കാലത്തിൻറെ വെല്ലുവിളികളെ അതിജീവിച്ച് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും വിപുലമാക്കുകയും വേണം എന്ന ചിന്തയാണ് ബന്ധപ്പെട്ടവരെ ഈ ശുശ്രൂഷാസംവിധാനത്തിന് ഒരു ഭരണഘടന ഉണ്ടാവണം എന്ന തീരുമാനത്തിലെത്താൻ നിർബന്ധിതരാക്കിയത് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഇടവകകളെയും ഫൊറോനകളെയും കൂട്ടിയിണക്കി ആഗോള തലത്തിൽ വളരെ ശക്തമായ പ്രവർത്തന സംവിധാനങ്ങളാണ് ഈ ഭരണഘടനയിലൂടെ വിവക്ഷിക്കുന്നത് എന്നത് വ്യക്തമാണ് . പ്രവാസികൾക്കായി ഇത്ര സജീവമായ ശുശ്രൂഷാസംവിധാനം നിർവഹിക്കുന്ന പ്രവാസി അപ്പോസ്‌തലേറ്റിന്റെ ഡയറക്ടർ ബഹു. റ്റെജി പുതുവീട്ടിൽക്കളം അച്ചനും അസിസ്റ്റൻറ് ഡയറക്ടർ ബഹു. ജിജോ മാറാട്ടുകളം അച്ചനും കോർഡിനേറ്റേഴ്‌സിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും എൻറെ അഭിനന്ദനങ്ങളും വിജയാശംസകളും പ്രാർത്ഥനകളും നേരുന്നു.
Changanacherry
pravasiapostolatechry@gmail.com
+91 9207470117
All Rights Reserved. © 2024
Developed by FaithInfosoft