pravasiapostolatechry@gmail.com
+91 9207470117
ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റ് പുതിയ ഒരു തലത്തിലേക്ക് പ്രവേശിക്കുകയാണ്. അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് വലിയ ഉൾക്കാഴ്‌ചകളോടെ 2015 ആഗസ്‌റ്റ് 15 -ന് ആരംഭിച്ച പ്രവാസി അപ്പോസ്‌തലേറ്റ് എന്ന ശുശ്രൂഷാ സംവിധാനം അതിൻറെ ബാലാരിഷ്ടതകൾ തരണം ചെയ്‌ത് മുൻപോട്ട് പോവുകയാണ്. ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന അതിരൂപതാംഗങ്ങളായ പ്രവാസികൾക്ക് ഭൗതികവും മാനസികവും ആത്മീയവുമായ ശുശ്രൂഷകൾ നൽകാൻ സാധ്യമാകുന്ന രീതിയിൽ അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റിനെ വളർത്തിയ ദൈവത്തിന് നന്ദി പറയുന്നു.
ഇന്ന് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്‌തലേറ്റ് സീറോ മലബാർ സഭയ്ക്ക് തന്നെ നല്ല മാതൃകയാണ് നൽകുന്നത്. സഭയുടെ പ്രേക്ഷിത പ്രവർത്തനങ്ങളിൽ പ്രവാസികളെ എങ്ങനെ സജീവമാക്കാൻ സാധിക്കും എന്ന് കഴിഞ്ഞ വർഷങ്ങളിലൂടെ നാം തെളിയിച്ച് കൊടുത്തു. ഈ സംവിധാനം ദൈവാത്മാവിന്റെ പ്രവർത്തനത്താൽ രൂപം കൊണ്ടതാണല്ലോ. അതുകൊണ്ട് ഇതിൻറെ നിലനിൽപ്പും വളർച്ചയും ദൈവം ആഗ്രഹിക്കുന്നുണ്ട്. പ്രാരംഭവർഷങ്ങളിലെ പ്രവർത്തനങ്ങളുടെ പരിചയത്തിൽ നിന്ന് മെച്ചപ്പെട്ട രീതിയിൽ ഈ ശുശ്രൂഷാസംവിധാനം നിലനിൽക്കാൻ ഇതിന് നിയതമായ ഒരു ഘടന ആവശ്യമാണ് എന്ന ബഹുമാനപ്പെട്ട കൂരിയയുടെ നിർദ്ദേശപ്രകാരം നമ്മൾ നിയമാവലി തയ്യാറാക്കിയിരിക്കുകയാണ്. ഇടവക വാർഡ് കൂട്ടായ്‌മകൾ മുതൽ ആഗോളതലം വരെയുള്ള പ്രവാസികളെയും മടങ്ങി വന്ന പ്രവാസികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നമ്മൾ ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
പ്രവാസികൾക്ക് മാതൃസഭയോടും രൂപതയോടും സ്വന്തം ഇടവകയോടുമുള്ള സ്നേഹവും ബന്ധവും ഈ വർഷങ്ങളിലെ അവരോടൊത്തുള്ള പ്രവർത്തനങ്ങളിലൂടെ എനിക്ക് ബോധ്യമായതാണ്. പ്രവാസികൾ വെറും ഉപഭോഗ വസ്‌തുക്കൾ അല്ല, അവർ സഭയുടെ പ്രധാനപ്പെട്ട കണ്ണിയാണ് എന്ന തിരിച്ചറിവ് അവർക്ക് നൽകാനും നമ്മുടെ പ്രവാസി അപ്പോസ്‌തലേറ്റിന്റെ പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് നൽകുന്ന എല്ലാ ശുശ്രൂഷകളെയും വളരെ പ്രാധാന്യത്തോടെയാണ് ചങ്ങനാശ്ശേരി അതിരൂപത നോക്കി കാണുന്നത്. ഇതിൻറെ മകുടോദാഹരണമാണ് നമ്മൾ പുറത്തിറക്കുന്ന ഈ നിയമാവലി. മെച്ചപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും, ലോകം മുഴുവൻ ഈ ശുശ്രൂഷാ സംവിധാനത്തിന്റെ വേരുകൾ എത്താനും ഈ നിയമാവലി സഹായകമാകട്ടെ എന്ന് പ്രാർത്ഥനാപൂർവ്വം ആശംസിക്കുന്നു.
ഈ നിയമാവലി തയ്യാറാക്കാൻ നിർദ്ദേശവും പ്രോത്സാഹനവും നൽകിയ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിനോടും അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനോടും പെരിയ ബഹുമാനപ്പെട്ട ജോസഫ് വാണിയപ്പുരയ്ക്കൽ അച്ചനോടും മറ്റ് പെരിയ ബഹുമാനപ്പെട്ട കൂരിയാ അംഗങ്ങളോടും പ്രവാസി അപ്പോസ്‌തലേറ്റ് അസിസ്റ്റൻറ് ഡയറക്ടർ ബഹു. ജിജോ മാറാട്ടുകളം അച്ചനോടും ഈ നിയമാവലിയുടെ രൂപരേഖ എഴുതി തയ്യാറാക്കാൻ സഹായിച്ച ഗ്ലോബൽ കോർഡിനേറ്റർ ബഹു. ജോ കാവാലത്തിനോടും ഈ മാർഗ്ഗരേഖയെ കുറിച്ച് കൂടുതൽ പഠനം നടത്തിയ പ്രവാസി അപ്പോസ്‌തലേറ്റിന്റെ സെൻറർ കോർഡിനേറ്റർ ബഹു. സിബി വാണിയപ്പുരയ്ക്കലിനെയും എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് കുഴിമണ്ണിൽ, മാത്യു മണിമുറയിൽ, റ്റോമിച്ചൻ മേപ്പുറം, തങ്കച്ചൻ പൊന്മാങ്കൽ, ലൈസാമ്മ കളരിക്കൽ എന്നിവരോടും പ്രവാസി അപ്പോസ്‌തലേറ്റ് അതിരൂപതാ ഗൾഫ്, ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടും പ്രത്യേകം നന്ദിയും സ്നേഹവും ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. ഇനിയും ഒരു മനസ്സോടെ ദൈവകൃപയിൽ ആശ്രയിച്ച് നമുക്ക് ഒന്നുചേർന്ന് മുൻപോട്ട് യാത്ര ചെയ്യാം. ഈശോ നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Changanacherry
pravasiapostolatechry@gmail.com
+91 9207470117
All Rights Reserved. © 2024
Developed by FaithInfosoft